വയനാട്: വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് അമൽ ജോയ്, ജില്ലാ വൈസ് പ്രസിഡണ്ട് അജ്മൽ എന്നിവരുൾപ്പടെ ആറ് പേർക്കും കെ.എ.പി. രണ്ടാം ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ പ്രഫുൽ ദാസിനും പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാത്തിച്ചാർജ് കൊണ്ടും കണ്ണീർവാതകംകൊണ്ടും അടിച്ചമർത്താൻ നോക്കിയാലും കർഷകർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇന്ന് കലക്ടറേറ്റ് മാർച്ച് നടത്തിയത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിനെ നേരിടാൻ നേരത്തെ തന്നെ 400 ഓളം പോലീസുകാരെ തയ്യാറാക്കിയിരുന്നു. സിവിൽ സ്റ്റേഷനുള്ളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടക്കാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ടായതിനെ തുടർന്ന് കലക്ടറുടെ ചേംബറിന് മുന്നിലും സിവിൽ സ്റ്റേഷന്റെ കോമ്പൗണ്ടിനുള്ളിലും പോലീസുകാർ സുരക്ഷ ഏർപ്പെടുത്തി പ്രധാന കവ കവാടം ബാരിക്കേട് വെച്ച് അടച്ചിരുന്നു.
പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഒരു പ്രവർത്തകൻ ബാരിക്കേടിന് മുകളിൽ കയറിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇത് ലാത്തിച്ചാർജിലാണ് കലാശിച്ചത്.
സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വയനാടൻ ജനതയോടൊപ്പം എന്നും ഉണ്ടാകുമെന്നും ഏതുതരം അടിച്ചമർത്തലുകൾ ഉണ്ടായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
Youth Congress Collectorate March