കോഴിക്കോട്: റായിബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാൻ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നു. എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും കോഴിക്കോട് അദ്ദേഹം പറഞ്ഞു.
വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്. എന്നാൽ രാഹുൽ ഗാന്ധി സ്ഥിരം ചെയ്യുന്നത് പോലെ വയനാട്ടുകാരെ കബളിപ്പിച്ചു. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിയും വരെ ഉത്തരേന്ത്യയിൽ മത്സരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവെച്ചു. കഴിഞ്ഞ അഞ്ചുവർഷമായി രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോൾ സമ്പൂർണത കൈവരിച്ചിരിക്കുകയാണ്. വയനാട്ടിൽ രാഹുലിനെ പിന്തുണച്ച യുഡിഎഫുകാരെയും കോൺഗ്രസുകാരെയും അദ്ദേഹം പറ്റിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് അദ്ധ്വാനിച്ചതിന്റെ കൂലി അവർക്ക് രാഹുൽ കൊടുത്തു കഴിഞ്ഞുവെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു. റായിബറേലിയിലും രാഹുൽ തോൽക്കുമെന്ന് ഉറപ്പാണ്.
ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ അവാർഡ് കൊടുക്കുകയാണെങ്കിൽ ഓസ്ക്കാർ അവാർഡ് കിട്ടേണ്ടയാളാണ് രാഹുൽ ഗാന്ധി. വയനാട്ടിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നും പോളിംഗ് ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. രാഹുലിനെതിരെ ശക്തമായ ഒരു വികാരം വയനാട്ടിലുണ്ടായിരുന്നുവെന്ന് കോൺഗ്രസുകാർ വരെ സമ്മതിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പോടെ വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയല്ലാതെയായിരിക്കുകയാണ്. എംപിയെന്ന നിലയിൽ അമേഠിയിൽ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അദ്ദേഹം അവിടെ തോറ്റത്. ഇത് തന്നെയാണ് വയനാട്ടിലും സംഭവിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Rahul Gandhi is the biggest coward in Indian politics: K Surendran