മാനന്തവാടി: കർക്കടക വാവുബലിക്ക് തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തും. ഓഗസ്റ്റ് മൂന്നിനു പുലർച്ചെ മൂന്നുമുതൽ ഒരുമണിവരെ പാപനാശിനിക്കരയിലാണ് ബലിതർപ്പണം. വിശ്വാസികളുടെ സൗകര്യാർഥം കൂടുതൽ ബലിസാധന വിതരണ കൗണ്ടറുകളും വഴിപാടു കൗണ്ടറുകളും തുറന്നു പ്രവർത്തിക്കും. ബലിതർപ്പണ ചടങ്ങുകൾക്കായി കൂടുതൽ വാധ്യാന്മാരെയും നിയോഗിക്കും.
ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യക സർവീസ് നടത്തും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ബലിതർപ്പണത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിഷ്ണുപാദങ്ങളിൽ ബലിയർപ്പിക്കുന്നതാണ് ഉത്തമമെന്ന വിശ്വാസത്തിൽ കർക്കടകവാവുബലിദിനത്തിൽ തിരുനെല്ലിയിൽ പതിനായിരങ്ങൾ എത്താറുണ്ട്.
വിശ്വാസികൾക്കു പ്രയാസമില്ലാതെ ബലിതർപ്പണം നടത്തി മടങ്ങാനുള്ള സജ്ജീകരണം ഒരുക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സിക്യുട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ അറിയിച്ചു.
Balitharpanam To Be Held At Thirunelli On August 3