ഷിരൂർ: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പതിമൂന്നാം ദിവസവും തുടരും. പ്രതികൂല കാലാവസ്ഥയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. ഇന്നലെ പുഴയിലിറങ്ങിയ കുന്ദാപുരയിൽ നിന്നെത്തിയ ഈശ്വർ മൽപേയുടെ നേതൃത്വത്തിലുള്ള പ്രാദേശിയ മുങ്ങൽ വിദഗ്ധരുടെ സംഘത്തിനു മുന്നിലും ശക്തമായ ഒഴുക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഈശ്വർ മൽപേ ഇന്നലെ ഒഴുക്കിൽ പെട്ടിരുന്നു. ശക്തമായ ഒഴുക്കിനെ വെല്ലുവിളിച്ച് മൽപേയും സംഘവും എട്ടു തവണ നദിയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. കരയിൽനിന്ന് 132 മീറ്റർ അകലെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ലോറി പതിയെ ഒഴുകി നീങ്ങുന്നതായും കരുതുന്നുണ്ട്. മുന്നൂറു മീറ്ററോളം വീതിയുള്ള പുഴയുടെ മധ്യഭാഗത്താണ് ലോറിയെന്നാണ് ഇപ്പോൾ കരുതുന്നത്. ലോറിയിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ തെൽമൻ സ്കാനിങ് പരിശോധനയിൽ കഴിഞ്ഞിട്ടില്ല.
നിലവിൽ പരിശോധന നടക്കുന്ന സ്ഥലത്ത്, ലോറി പാറക്കഷ്ണങ്ങളുടെയും ചെളിയുടെയും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെ ലോറി പകുതി തകർന്ന നിലയിലും ഡ്രൈവിങ് കാബിൻ മുകളിലേക്ക് ഉയർന്ന നിലയിലുമാണെന്നാണ് നിഗമനം. ലോറിക്കരികിൽ എത്താനുള്ള നിലവിലെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പുഴയിലെ മണ്ണും ചെളിയും ട്രജർ ബാർജുകളുപയോഗിച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുക
Arjun has been missing for 13 days; The search will continue today.