കൂത്തുപറമ്പ് : മാലൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിനിടയിൽ മാലൂർ പഞ്ചായത്തിൽ ഉണ്ടായിട്ടുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023 - 24 ൽ പേരാവൂർ ബ്ലോക്കിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് മാലൂർ പഞ്ചായത്തിലാണ്. 22 കോടി രൂപ ചിലവഴിച്ചു. നിരവധി റോഡുകൾ മെക്കാഡം ടാറിങ് ചെയ്തു നവീകരിച്ചതോടൊപ്പം 49 കിണറുകൾ പൂർത്തീകരിച്ചു. കിണർ നിർമ്മാണത്തിന് പുതുതായി 65 ഗുണഭോക്താക്കളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
പഞ്ചായത്തിലൂടനീളം സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി 53 ലക്ഷം രൂപ ചിലവിൽ പദ്ധതി നടപ്പിലാക്കി. 745 തെരുവ് വിളക്കുകൾ സ്ഥാപിച്ചതോടൊപ്പം മാലൂർ സിറ്റി, ശിവപുരം അങ്ങാടി , ശിവപുരം പള്ളി, എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകളും , ശാസ്ത്രീ നഗർ, തൃക്കടാരിപ്പൊയിൽ, പട്ടാരി,ശിവപുരം എന്നിവിടങ്ങളിൽ മിനി മാസ്റ്റ്ലൈറ്റുകളും സ്ഥാപിച്ചു. കരേറ്റ-കാഞ്ഞിലേരി - കുണ്ടേരിപ്പൊയിൽ -മാലൂർ സിറ്റി റോഡ് 26 കോടി രൂപ ചിലവിൽ നവീകരിച്ചു. ശിവപുരം ഗവൺമെന്റ് എൽ പി സ്കൂൾ 1. 23 കോടി രൂപ ചിലവിലും പഞ്ചായത്ത് ഓഫീസ് കെട്ടിടം ഒരുകോടി രൂപ ചെലവിലും നവീകരിച്ചു. യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ പരിഗണന ഇല്ലാതെയാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
യുഡിഎഫ് അംഗങ്ങൾ പ്രതിനിധീകരിക്കുന്ന വാർഡുകളിലും വൻ വികസന പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചമ്പാടൻ ജനാർദ്ദനൻ വികസന സമിതി ഉപാധ്യക്ഷൻ ടി നാരായണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Maloorpanchayath