തിരുവനന്തപുരം :സംസ്ഥാനത്ത് മാലിന്യം നീക്കംചെയ്യുന്ന ലോറികളെയും കണ്ടെയ്നറുകളെയും മറ്റും ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷിക്കും. എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഈ മാസംതന്നെ മറ്റിടങ്ങളിലും നടപ്പാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഇത്തരം വാഹനങ്ങള്‍ക്ക് അനുമതിനല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വമിഷനും ഹരിതകേരളം മിഷനും ഈ നിബന്ധന ബാധകമാകും. കേരളത്തില്‍നിന്നുള്ള മാലിന്യം കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തള്ളിയതിനാണ് ഹരിത ട്രിബ്യൂണല്‍ കേസെടുത്തത്. ഇതേപ്പറ്റി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി.പി.സി.ബി.) അന്വേഷിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ക്കു പുറമേ ബയോമെഡിക്കല്‍ മാലിന്യങ്ങളും ഇപ്രകാരം തള്ളുന്നെന്ന് കേന്ദ്ര ബോര്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തി.
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉണ്ടാകുന്ന മാലിന്യത്തില്‍ 30 ശതമാനം സംസ്‌കരിക്കാനുള്ള ശേഷിയേ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളൂ. 3.34 കോടി ജനസംഖ്യയുള്ള കേരളത്തില്‍ പ്രതിവര്‍ഷം 3.7 ദശലക്ഷം ടണ്‍ ഖരമാലിന്യം ഉണ്ടാകുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബയോമെഡിക്കല്‍ മാലിന്യം അടുത്തിടെ തിരുനെല്‍വേലിയില്‍ കൊണ്ടു തള്ളിയതിലും ഹരിത ട്രിബ്യൂണല്‍ ഇടപെട്ടു. ഇതിനുശേഷം കേരളത്തില്‍നിന്നുള്ള കണ്ടെയ്നറുകളും ലോറികളും തമിഴ്‌നാട് പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
ഹരിതകര്‍മസേന ശേഖരിക്കുന്ന അജൈവ മാലിന്യത്തില്‍ പുനരുപയോഗിക്കാന്‍ കഴിയാത്തവ സിമന്റ് ഫാക്ടറികളിലെ ഫര്‍ണസുകളില്‍ കത്തിക്കാനാണ് കൊണ്ടുപോകുന്നത്.
Thiruvanaththapuram