തിരുവനന്തപുരം : സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.
മാർച്ചിൽ സംസ്ഥാനത്ത് 65.7 മില്ലിമീറ്റർ വേനൽമഴ ലഭിച്ചുവെന്നാണു കണക്ക്. 2017നു ശേഷം മാർച്ചിൽ ഏറ്റവുമധികം വേനൽ മഴ ലഭിക്കുന്നത് ഇത്തവണയാണ്. 121 മില്ലിമീറ്റർ മഴ ലഭിച്ച കോട്ടയമാണ് ജില്ലകളിൽ മുന്നിൽ. കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണ മാർച്ചിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു. മഴയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടും കൂടിയ തോതിൽ തുടരുകയാണ്. സൂര്യപ്രകാശത്തിൽ അൾട്രാ വികിരണങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പകൽ സമയം ഏറെ നേരം തുടർച്ചയായി നേരിട്ട് വെയിൽ ഏൽക്കുന്നത് സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Rain