തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് തുറന്ന കത്ത് എഴുതി. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് കത്തിൽ പറയുന്നു.
സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ. ബേബി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് കത്ത് തുടങ്ങുന്നത്. തങ്ങളുടെ സമരത്തോട് കേരള സര്‍ക്കാരും അതിനെ നയിക്കുന്ന പാര്‍ട്ടിയും പുലര്‍ത്തുന്ന സമീപനം പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ അമരക്കാരന് എന്ന നിലയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നടപടിയുണ്ടാകണം. സ്ത്രീ തൊഴിലാളികളുടെ അന്തസും അവകാശ ബോധവും ഉയർത്തിയ സമരമാണിത്.
ഈ സമരത്തെ ഉൾക്കൊള്ളുന്നതിൽ സങ്കുചിതമായ രാഷ്ട്രീയ പരിഗണനകൾ തടസമായിക്കൂടായെന്നും കത്തില്‍ ആശാ വർക്കാർമാർ ആവശ്യപ്പെട്ടു.
Thiruvanaththapuram