ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തില്‍ വന്നതായും, നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി നിയമം പാസ്സാക്കിയത്.
അതേസമയം, നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെഎന്‍എം മര്‍കസസുദ്ദഅവ ( മുജാഹാദ്) സംസ്ഥാന കമ്മിറ്റിയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
Delhi