കൽപ്പറ്റ: ദേശീയ പാത 766ൽ ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ കർണാടകയിൽ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്.
വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഇടക്കാലത്ത് നിർജീവമായ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ആരംഭിച്ചത്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഒറ്റ ദിവസം കൊണ്ട് കർണാടക സർക്കാർ പിൻവലിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു രാത്രിയാത്രാ നിരോധനം. കർണാടകയിൽ കോൺഗ്രസ് ഭരിക്കുമ്പോൾ ദേശീയ പാത പൂർണമായും അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു. റിപ്പോർട്ട് പിൻവലിച്ചതിനു പിന്നാലെ നിരോധനം പൂർണമായും നീക്കിയേക്കും എന്ന അഭ്യൂഹമാണ് പരന്നത്. ഇതോടെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
Kalpetta