ന്യൂഡല്‍ഹി: അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ (64) എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുന്നതിനായി 18 ദിവസത്തേയ്ക്ക് തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ഉത്തരവിട്ടത്. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദര്‍ജിത് സിങ്ങ് ആണ് എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു.
തഹാവൂര്‍ റാണയുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഏജന്‍സി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം യുഎസ് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പ് റാണയുമായി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതായി എന്‍ഐഎ വാദിച്ചു. ഹെഡ്ലി തന്റെ വസ്തുവകകളെയും സ്വത്തുക്കളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ച് റാണയ്ക്ക് ഒരു ഇ-മെയില്‍ അയച്ചിരുന്നു. ഗൂഢാലോചനയില്‍ ഇല്യാസ് കശ്മീരിയ്ക്കും അബ്ദുര്‍ റഹ്മാനും പങ്കുണ്ടെന്നും റാണയെ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി അറിയിച്ചതായും എന്‍ഐഎ കോടതിയെ അറിയിച്ചു.
Tahawwur Rana 26/11 Mumbai terror attack case, has been sent to NIA custody.