കണ്ണൂർ: ചോദ്യപ്പേപ്പർ ഇ-മെയിൽ അയയ്ക്കുന്ന രീതി ചോദ്യപ്പേപ്പേർ ചോരുന്നതിന് വഴിയൊരുക്കുമെന്നും ഇത് പിൻവലിക്കണമെന്നും നേരത്തെ സർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും പുച്‌ഛിച്ച് തള്ളുകയാണുണ്ടായതെന്ന് കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ്. ചോദ്യപ്പേപ്പർ ഇ-മെയിലായി അയയ്ക്കുന്നത് പിൻവലിക്കണമെന്ന് 2023ൽ നടന്ന കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചിരുന്നതായും ഷിനോ പറഞ്ഞു.
ചോദ്യപ്പേപ്പർ ഇ-മെയിലായി അയയ്ക്കുന്ന സമ്പ്രദായം കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയവരാണ് കെടിയുവും കണ്ണൂർ സർവകലാശാലയും. അതിനു മുൻപ്, സീൽ ചെയ്‌ത ചോദ്യപ്പേപ്പർ സർവകലാശാല വാഹനത്തിൽ സുരക്ഷിതമായി കോളജുകളിലെത്തിച്ച് അധ്യാപകരുടെ സാന്നിധ്യത്തിൽ തുറക്കുന്നതായിരുന്നു രീതി. ഇത് വളരെ സുരക്ഷിതമായിരുന്നു. എന്നാൽ 2023ൽ ഈ സംവിധാനം മാറ്റി പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ മെയിൽ അഡ്രസിലേക്ക് ചോദ്യപ്പേപ്പർ അയയ്ക്കുന്ന സംവിധാനം വന്നു. ഇത് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് സാധ്യത വർധിപ്പിക്കുന്നുവെന്ന് എല്ലാവർക്കും മനസിലാകും. അധ്യാപകരാരും ചോർത്തില്ല എന്ന വിശ്വാസത്തിന്റെ പുറത്ത് ഇങ്ങനെ ഇ-മെയിലിലൂടെ ചോദ്യപ്പേപ്പർ അയച്ചുനൽകുന്നതിൽ എന്തു കാര്യമാണുള്ളത്.
അധ്യാപിക വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൗൺസിൽ യോഗത്തിൽ ചോദ്യപ്പേപ്പർ മെയിലിൽ അയച്ചുകൊടുക്കുന്ന തീരുമാനം പിൻവലിക്കണമെന്നും വേണ്ടപ്പെട്ട വിദ്യാർഥികൾക്ക് ചോദ്യപ്പേർ മുൻകൂട്ടി നൽകി പരീക്ഷയുടെ വിശ്വാസ്യത തകർക്കാൻ ചില അധ്യാപകരെങ്കിലും ശ്രമിക്കുമെന്നും പ്രമേയം അവതരിപ്പിച്ചത്.
മുൻകാലങ്ങളിൽ നടത്തിയതുപോലെ കോളജുകളിൽ ചോദ്യപ്പേപ്പറെത്തിച്ച് മറ്റു കോളജുകളിൽനിന്നുള്ള നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചോദ്യപ്പേപ്പർ തുറക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ചർച്ച പോലുമില്ലാതെ പ്രമേയം തള്ളുകയായിരുന്നു'- ഷിനോ പി.ജോസ് പറഞ്ഞു.
Kannur