കണ്ണൂർ :കളിക്കളത്തില്‍ ഇറങ്ങിയാല്‍ പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിച്ചു ഉഗ്രന്‍ സെര്‍വുകളും സ്മാഷുകളുമായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പ്രസ് ക്ലബ്ബ് ജില്ലാ ജയില്‍ റിക്രിയേഷന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മിക്സഡ് വോളിയില്‍ ആയിരുന്നു മന്ത്രിയുടെ മിന്നുന്ന പ്രകടനം.
ഉഗ്രന്‍ സ്മാഷുകളും സെര്‍വ്വുകളും കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച മന്ത്രി ഒരു ഘട്ടത്തില്‍ പിന്നില്‍ നിന്ന ടീമിനെ വിജയത്തിന്റെ അടുത്തുവരെ എത്തിച്ചു. എന്നാല്‍ അവസാന നിമിഷം ജയില്‍ ക്ളബ്ബ് 15-8 നു വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. മന്ത്രിക്കൊപ്പം കെ.വി.സുമേഷ് എം.എല്‍.എ, മാധ്യമപ്രവര്‍ത്തകരായ സുനില്‍കുമാര്‍, ഷെബീര്‍ എന്നിവരും വൈഡൂര്യ, അനു, വിഘ്നേഷ്, എന്നിവരായിരുന്നു ടീമില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ നേതൃത്വത്തിലായിരുന്നു ജയില്‍ ടീം.
മത്സരശേഷം വിജയികള്‍ക്കുള്ള മെഡലുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി.വിനീഷ് വിതരണം ചെയ്തു. ജയില്‍ സൂപ്രണ്ട് കെ.വേണു, ജോയിന്റ് സൂപ്രണ്ട് ഗിരീഷ് കുമാര്‍, പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് സുനില്‍കുമാര്‍, ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി സന്തോഷ്, ബൈജു.കെ.ഷംജിത്ത് എന്നിവര്‍ പങ്കെടുത്തു.
Kannur