കൊട്ടിയൂർ: വൈശാഖോത്സവത്തിൻ്റെ നാളു കുറിക്കുന്ന 'പ്രക്കൂഴം' നാളെ. ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമങ്ങളും കുറിക്കുകന്ന ചടങ്ങ് നടക്കുക. അടിയന്തിരയോഗത്തിന് മുൻപാകെ കണക്കപിള്ളയുടെ നേതൃത്വത്തിൽ രാശിവച്ചാണ് നാളും മുഹൂർത്തവും തീരുമാനിക്കുന്നത്.
രാവിലെ നടക്കുന്ന തണ്ണീർകുടി, നെല്ലളവ്, അവിൽ അളവ് എന്നിയവയും അർദ്ധരാത്രിയോടെ ആയില്യാർ കാവിൽ നടക്കുന്ന ഗൂഢപൂജയുമാണ് പ്രക്കൂഴം ദിവസം നടക്കുന്ന പ്രധാന ചടങ്ങുകൾ.
പ്രക്കൂഴം മുതൽ വിളക്ക് തെളിക്കാനുള്ള പശുവിൻനെയ്യ് മാലൂർപടി ക്ഷേത്രത്തിൽനിന്ന് സ്ഥാനികനായ കൂറ്റേരി നമ്പ്യാരും ഗണപതി ഹോമത്തിനും അവിൽ നിവേദ്യത്തിനുമുള്ള അവിൽ കാക്കയങ്ങാട് പാലാ നരസിംഹ ക്ഷേത്രത്തിൽനിന്ന് മേൽശാന്തിയുമാണ് എഴുന്നള്ളിച്ചെത്തികുന്നത്.
ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിയാൻ, കാടൻ തുടങ്ങിയവരാണ് തണ്ണീർകുടി ചടങ്ങ് നടത്തുക. അർധരാത്രി ആയില്യാർക്കാവിൽ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജ നടക്കും.
Kottiyoor 'Prakoozham'