തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. ഇന്ന് 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
12/05/2025: പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂർ
13/05/2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം
14/05/2025: എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കാലവർഷം മെയ് 27 ഓടെ
സംസ്ഥാനത്ത് കാലവർഷം മെയ് 27 ഓടെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിലും അറബികടലിലും വേനൽ മഴയിൽ നിന്ന് കാലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനകൾ കാറ്റിന്റെ ദിശയിൽ കണ്ടു തുടങ്ങിയതായി അധികൃതർ അറിയിച്ചു. മെയ് 13 -ഓട് കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കള്ളക്കടൽ പ്രതിഭാസം പ്രത്യേക ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 13/05/2025 (നാളെ) ന് രാത്രി 11.30 വരെ 0.4 മുതൽ 0.7 മീറ്റർ വരെയും, തിരുവനന്തപുരം തീരത്ത് (കാപ്പിൽ മുതൽ പൊഴിയൂർ വരെ) 13/05/2025 (നാളെ) ന് വൈകിട്ട് 05.30 വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് 13/05/2025 (നാളെ) ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
Rainalertinkerala