തിരുവനന്തപുരം : കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ 2025–26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവും ഇന്ന് വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകൾ പരിഗണിച്ചു കൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN - SWS ലിങ്കിലൂടെ വിദ്യാർഥികൾക്ക് കാൻഡിഡേറ്റ് ലോഗിൻ സൃഷ്‌ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമർപ്പണവും തുടർന്നുള്ള പ്രവേശന പ്രവർത്തനങ്ങളും.
ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. 10ന് രണ്ടാം അലോട്ട്‌മെന്റും 16ന് മൂന്നാം അലോട്ട്‌മെന്റും നടക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. തുടർന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും. പട്ടിക ജാതി വികസന വകുപ്പിലെ ആറ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയാകും.
Thiruvanaththapuram