കണ്ണൂർ :കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കമ്മിറ്റി മീറ്റിംഗ് കേളകം പ്രസ്സ് ഫോറത്തിൽ വെച്ച് നടന്നു. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, പുതിയ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവയായിരുന്നു വിഷയം. ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി റോബിൻ എം ജെ സ്വാഗതം പറഞ്ഞു. വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്മാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. കാട്ടുപന്നി ശല്യത്തിൽ കിഫയുടെ ഹൈക്കോടതി വഴിയുള്ള നീക്കത്തെ തുടർന്നാണ് പഞ്ചായത്തുകൾക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ലഭിച്ചതെന്ന് യോഗം വിലയിരുത്തി. അതിരൂക്ഷമായ കുരങ്ങ് ശല്യത്തിന് പരിഹാരം കാണാനുള്ള നടപടികൾ ആരംഭിക്കണമെന്ന് യോഗം തീരുമാനിച്ചു.
കർഷകരുടെ മറ്റു വിഷയങ്ങളിലും, ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിനും പരിഹാരം കാണാൻ സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ടായി പ്രിൻസ് ദേവസ്യയേയും, സെക്രട്ടറിയായി റോബിൻ എം ജെ യെയും വീണ്ടും തിരഞ്ഞെടുത്തു. കൊട്ടിയൂരിൽ നിന്ന് വിൽസൺ വടക്കയിൽ, ആറളത്തുനിന്ന് ജിൽസ് ജോൺ, ഷാന്റോ മാത്യു, ഉലഹന്നാൻ കെ യു, പേരാവൂരിൽ നിന്ന് സിജോ, ഉണ്ണി ജോസഫ്, ആലക്കോട് നിന്ന് ബെന്നി മുട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

kannur