തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ജാഗ്രത. നാല് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയില്‍ കണ്ണൂര്‍, കാസർകോട്, കോഴിക്കോട് ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് കുററ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തലയാട് പേര്യമലയില്‍ ഉരുള്‍ പൊട്ടി കൃഷി നാശമുണ്ടായി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കാസർകോട് മേല്പറമ്പിൽ വീടിന് മുകളിൽ കൂറ്റൻ കല്ല് പതിച്ചു, അപകടത്തിൽ നടക്കാൽ സ്വദേശി മിറ്റേഷിന്റെ കുടുംബം തല നാരിഴക്കാണ് രക്ഷപ്പെട്ടത്. അജാനൂർ കടപ്പുറത്തെ മീനിറക്ക് കേന്ദ്രം ഭാഗികമായും റോഡ് പൂർണമായും കടലാക്രമണത്തിൽ തകർന്നു. ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ കുളങ്ങാട്ട് മലയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

Heavyrainalert