മാനന്തവാടി: വയനാട് ജില്ലയില്‍ കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയാണ്. മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവടികുന്ന് റോഡില്‍ മരം വീണ് കെഎസ്ഇബി പോസ്റ്റ് തകരുകയും റോഡ് പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇന്ന് സ്പില്‍വെ ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി 100 ക്യുമെക്‌സ് വെള്ളം ഒഴുകി വിടും. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
Widespread damage in the Mananthavady area due to heavy rain and winds.