കൊച്ചി: തലശ്ശേരി ആലി ഹാജി പള്ളിയുടെ ബൈലോ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കേരള ഹൈക്കോടതി നിർണായകമായ വിധി പുറപ്പെടുവിച്ചു. ബൈലോ രൂപപ്പെടുത്തുന്നതിനായി സമർപ്പിച്ച ഹർജിയിലാണ്, വക്‌ഫ് ബോർഡ് മുമ്പ് അംഗീകരിച്ചിരുന്ന ബൈലോ ഹൈക്കോടതി റദ്ദാക്കുകയും പുനപരിശോധനയ്ക്കായി വക്‌ഫ് ബോർഡിലേക്ക് തിരിച്ചയക്കുകയും ചെയ്തത്.
തലശ്ശേരി ആലി ഹാജി വക്‌ഫ് ഭരണഘടനാ രൂപീകരണമായ പുതിയ ബൈലോയിൽ വക്‌ഫ് ബോർഡ് നിർദ്ദേശിച്ച നിരവധി നിർണായകമായ മാറ്റങ്ങൾക്കെതിരെയാണ് ഹർജി നൽകിയിരുന്നത്. പ്രത്യേകിച്ച് അധികാര പരിധിയും, അംഗത്വം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും നേരത്തെ നിലവിലുണ്ടായിരുന്ന വ്യവസ്ഥകളെ മറികടക്കുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

മുന്‍കാലത്ത് ഫണ്ടിന്റെ അധികാരപരിധി ഉറുദു ഭാഷ സംസാരിക്കുന്ന മുസ്ലിംകളിലൊതുങ്ങിയിരുന്നുവെങ്കിലും പുതിയ ബൈലോയിൽ അതിന് പകരം പഴയ തലശ്ശേരി മുനിസിപ്പാലിറ്റിയെ മുഴുവൻ ഉൾപ്പെടുത്തി. അതുപോലെ, അംഗത്വത്തിന് വേണ്ടി മുൻപുള്ള മാനദണ്ഡം — ഹനഫി മദ്‌ഹബ് പിന്തുടരുന്ന, ഉറുദു സംസാരിക്കുന്ന ദക്കിനി മേമൻ സമുദായാംഗങ്ങൾ, കണ്ണൂർ ജില്ലയിൽ താമസിക്കുന്നവർ എന്നത് പൂർണമായി ഒഴിവാക്കിയിട്ടുണ്ടായിരുന്നു.
1957-ലും 1961-ലും നിലവിലുണ്ടായിരുന്ന വക്‌ഫ് ആധാരങ്ങൾ അനുസരിച്ച്, ഹനഫി വിഭാഗത്തിന് പ്രത്യേക മുൻഗണന നൽകിയിരുന്നതായി രേഖകളിൽ വ്യക്തമാകുന്നു. എന്നാൽ പുതിയ ബൈലോ ഈ പാരമ്പര്യ വ്യവസ്ഥകളെ അവഗണിക്കുകയും പകരം ശാഫി വിഭാഗത്തിന് മുൻഗണന നൽകുന്നതായി വ്യവസ്ഥകൾ രൂപീകരിക്കുകയും ചെയ്തതും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇവയെല്ലാം പരിഗണിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, വക്‌ഫ് ബോർഡ് പുറത്തിറക്കിയ ബൈലോ അംഗീകരണ ഉത്തരവ് റദ്ദാക്കുകയും, എല്ലാ നിയമപരമായ കാര്യങ്ങളും പുന:പരിശോധിച്ച് പുതിയ തീരുമാനം കൈക്കൊള്ളാൻ നിർദ്ദേശിക്കുകയും ചെയ്താണ് കേസിൽ വിധി പുറപ്പെടുവിച്ചത്.
ഹനഫി മദ്‌ഹബ് പിന്തുടരുന്ന, ഉറുദു സംസാരിക്കുന്ന ദക്കിനി മേമൻ സമുദായാംഗങ്ങൾക്കെതിരെ വകഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിൽ ദാവൂദ് മുഹമ്മദ്സേട്ട്, മുഹമ്മദ് ഹുസൈൻ എന്നിവർ ഉത്കണ്ട രേഖപ്പെടുത്തുകയും, ഹൈക്കോടതി വിധി തലശ്ശേരി ആലി ഹാജി പള്ളിയുടെ ഭരണം ഹനഫി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് തിരികെ ലഭിക്കുവാൻ വഴിയൊരുക്കുമെന്നും അറിയിച്ചു.
ഹർജിക്കാരായ ഇ എ സക്കീർ, കെ കെ വി യൂസുഫ് ഹാജി, എ കെ മുസമ്മിൽ, മുഹമ്മദ് ബഷീർ എന്നിവർക്കു വേണ്ടി അഭിഭാഷകൻ ടി.എച്ച്. അബ്ദുൽ അസീസും, എതിർകക്ഷികളായ ദാവൂദ് മുഹമ്മദ് സേട്ട്, മുഹമ്മദ് ഹുസൈൻ എന്നിവർക്കായി അഭിഭാഷകൻ ടി.പി. സാജിദും, വകഫ് ബോർഡിന് വേണ്ടി ജംഷീദ് ഹാഫിസ് എന്നിവരും ഹാജരായി.
Highcourt