ദക്ഷിണഭാരതത്തിലെ പുന്യതീർത്ഥടന കേന്ദ്രമായ തൃച്ചറുമന്ന എന്ന കൊട്ടിയൂർ. കുടിയേറ്റ ജനതയുടെ നാട് കൂടി ആണ് ഇന്ന് കൊട്ടിയൂർ ഗ്രാമം.. തിരുവിതാംകൂറിൽ നിന്നും കുടിയേറിയ മനുഷ്യർ മാത്രമല്ല നാല് പതിറ്റാണ്ട് മുന്നേ പാലക്കാട് നിന്നും കുടിയേറിയ ഒരു ഗജവീരനും കൊട്ടിയൂരിൻ്റേ ചരിത്രത്തിൻ്റെ ഭാഗമായി മാറിയിട്ടുണ്ട്.
1982 ആണ്ടിലാണ് കൊട്ടിയൂർ ഉത്സവത്തിന് തിടമ്പെഴുന്നള്ളിക്കാനുള്ള പൂർവജന്മപുണ്ണ്യവുമായി കാൽനൂറ്റാണ്ടു മാത്രം പ്രായമുള്ള ഒരു കുട്ടിയാന കൊട്ടിയൂര് പെരുമാളുടെ സന്നിധിയിലെത്തുന്നത്. ഭഗവത്സന്നിധിയിലെത്തിയ ആ ഗജവീരനു കൊട്ടിയൂർ ചന്ദ്രശേഖരനെന്ന നാമം സിദ്ധിച്ചു. 'കൊട്ടിയൂർ ചന്ദ്രശേഖരൻ'! അതൊരു സ്ഥാനപ്പേര് ആണ്. ചന്ദ്രശേഖരൻ മാവും ചന്ദ്രശേഖരൻ സേറും എന്നുവേണ്ട കൊട്ടിയൂരിൽ എന്താണ് ചന്ദ്രശേഖരൻ അല്ലാതെയുള്ളത്? ഭേദ ഭാവങ്ങളും ഭിന്ന ഭാവങ്ങളും ഇല്ലാതെ സ്ഥാവരങ്ങളും ജംഗമങ്ങളുമെല്ലാം ഇവിടെ ഭഗവദ്സ്വരൂപം തന്നെയാണ്. കൊട്ടിയൂർ പെരുമാളുടെ ആനയും അതുകൊണ്ടുതന്നെ എന്നും ചന്ദ്രശേഖരൻ ആണ്.
പുതിയ സ്ഥാനപ്പേര് നൽകിയ അസ്തിത്വവും നിറഞ്ഞ തലയെടുപ്പുള്ള സഹജഗാംഭീര്യഭാവവും കൊട്ടിയൂർ ചന്ദ്രശേഖരനെ ഈ നാടിൻ്റെ പ്രിയങ്കരനാക്കിമാറ്റി. ഒരു ഗ്രാമത്തിന് മാത്രമല്ല കേരളത്തിനകത്തും പുറത്തുമുള്ള തീർഥാടക ലക്ഷങ്ങൾക്ക് പ്രിയങ്കരനായി കൊട്ടിയൂർ ചന്ദ്രശേഖരൻ. ദേവസ്വത്തിലെ ആന പാപ്പാൻമാർ ചേക്കുവെട്ടനും ഭാസ്കരേട്ടനും നൽകിവരുന്ന പരിലാളനകളും ഒരു നാടിൻ്റെ പരിലാളനയും ഏറ്റുവാങ്ങിയ കൊട്ടിയൂർ പെരുമാളുടെ ഈ ഗജവീരൻ ഇനി ഓർമകളിൽ മാത്രം. അമ്മാറക്കൽ ദേവിയുടെയും പെരുമാളുടെയും തിടമ്പുകളെ പതിറ്റാണ്ടുകൾ ചന്ദ്രശേഖരൻ വഹിച്ചു. കൊ ട്ടിയൂർ ചന്ദ്രശേഖരനെ തീർത്ഥാടക ലക്ഷങ്ങൾ നെഞ്ചേറ്റി.
കുറച്ചുകാലമായി അസുഖബാധിതനായി വിശ്രമജീവിതത്തിലായിരുന്ന കൊട്ടിയൂർ ചന്ദ്രശേഖരൻ ഈ നവരാത്രി വേളയിൽ വിടവാങ്ങി. സിദ്ധിദാത്രിയായ ദേവിയുടെ പുണ്യവേളയായ മഹാനവമിയിലത്രെ ചന്ദ്രശേഖരൻ ഭഗവദ്പാദം പ്രാപിച്ചത്... ഈ ഒരു വേളക്കായി കാത്തിരിക്കുകയായിരുന്നുവോ എന്നുതോന്നും വിധമായിരുന്നു കൊട്ടിയൂർ പെരുമാളുടെ പ്രിയ സേവകൻ വിടവാങ്ങിയത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന കൊട്ടിയൂർ ചന്ദ്രശേഖരൻ്റെ തലയെടുപ്പ് മങ്ങാത്ത വിധത്തിലുള്ള ഉചിതമായ സ്മാരകം ഗജരാജൻ്റേ സ്മരണക്കായി കൊട്ടിയൂരിൽ ഉയരേണ്ടതായുണ്ട്.. കൊട്ടിയൂർ ദേവസ്വം അധികൃതർ ഈ വിഷയത്തിൽ ഉചിതമായ മുൻകൈ എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം... ഇതെഴുതുമ്പോൾ ഒരു ചിഹ്നം വിളി ശ്രവിക്കാനായത് യാദൃശ്ചികമാകുമോ.... ഗജരാജൻ കൊട്ടിയൂർ ചന്ദ്രശേഖരന് ആദരാഞ്ജലികൾ.... (പി എസ് മോഹനൻ, കൊട്ടിയൂർ)
The memory of Kottiyoor Chandrasekharan should remain