തങ്ങളുടെ ആൻഡ്രോയ്ഡ് പതിപ്പിനെ ഒരു ഓൾ ഇൻ വൺ ആപ്പാക്കി മാറ്റാനുള്ള പുറപ്പാടിലാണ് വാട്സ്ആപ്പ്. അതിനായി പ്രധാനപ്പെട്ട രണ്ട് ഫീച്ചറുകളുടെ പണിപ്പുരയിലാണവർ. വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രീൻ ഷെയറിങ്, യൂസർ നെയിം സവിശേഷതകളെ കുറിച്ച് അറിയാം. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ വിഡിയോ കോൾ ചെയ്യാനായി മികച്ചൊരു പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. എന്നാൽ, ഇനി മുതൽ വർക് കോളുകൾക്കായും വാട്സ്ആപ്പിനെ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. കമ്പനി മീറ്റിങ്ങുകളും പിടിഎ മീറ്റിങ്ങുകളും ഓൺലൈൻ ക്ലാസുകളുമൊക്കെ വാട്സ്ആപ്പിലൂടെയും നടത്താം.
അതിന്റെ ഭാഗമായാണ് പുതിയ ‘സ്ക്രീൻ ഷെയറിങ്’ ഫീച്ചർ ആപ്പിലേക്ക് എത്തിക്കുന്നത്. സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം പോലുള്ള വിഡിയോ കോൾ ആപ്പുകൾ ഉപയോഗിച്ചവർക്ക് അറിയാം, ഇത്തരം ആപ്പുകളിൽ മീറ്റിങ് സംഘടിപ്പിക്കുന്നവർക്ക് അവരുടെ കംപ്യൂട്ടറിന്റെയോ, സ്മാർട്ട് ഫോണിന്റെയോ സ്ക്രീൻ പങ്കിടാനുള്ള ഓപ്ഷനുണ്ട്. വിഡിയോ കോളിലുള്ളവർക്ക് കൂടുതൽ വ്യക്തതയോടെ വിവരങ്ങൾ കൈമാറാനായി സ്ക്രീൻ ഷെയറിങ് ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. അതുപോലെ വിഡിയോ കോളുകൾക്കിടയിൽ നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ സ്ക്രീൻ മറ്റുള്ളവർക്ക് ദൃശ്യമാകുന്ന വിധത്തിൽ പങ്കിടാനായി അനുവദിക്കുന്ന ‘സ്ക്രീൻ ഷെയറിങ്’ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.23.11.19 -ൽ ഈ സേവനം ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് കമ്പനി. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഫീച്ചർ ലഭ്യമായിട്ടുണ്ട്. ആപ്പ് അപ്ഡേറ്റ് ചെയ്താൽ വിഡിയോ കോൾ കൺട്രോൾ വ്യൂവിൽ പുതിയ ഐക്കൺ വന്നതായി കാണാം. വിഡിയോ കോൾ ചെയ്യുമ്പോൾ ആ ഐക്കണിൽ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ ഫോണിന്റെ സ്ക്രീനിലുള്ള കാര്യങ്ങൾ റെക്കോർഡ് ചെയ്ത് അത് മറുവശത്തുള്ള ആളുകളുമായി പങ്കിടാൻ തുടങ്ങും. ഏത് സമയത്തും അത് ഓൺ ചെയ്യാനും നിർത്താനും സാധിക്കും. യുണീക് യൂസർ നെയിം വാട്സ്ആപ്പ് യൂസർമാർക്ക് അവരുടെ അക്കൗണ്ടുകൾക്കായി വ്യത്യസ്തമായ യൂസർ നെയിമുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഫീച്ചറിൽ പ്രവർത്തിച്ചു വരികയാണ് വാട്സ്ആപ്പ്.
സെറ്റിങ്സിലെ പ്രൊഫൈൽ മെനുവിൽ യൂസർ നെയിമുകൾക്കായി പ്രത്യേകം വിഭാഗം ചേർക്കുമെന്നാണ് WABetaInfo റിപ്പോർട്ട് ചെയ്യുന്നത്. നമ്പറുകൾക്ക് പകരമായെത്തുന്ന യുണീക് യൂസർ നെയിം ഫീച്ചർ ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുമെന്നാണ് പറയുന്നത്. കോൺടാക്റ്റുകൾ തിരിച്ചറിയാൻ ഫോൺ നമ്പറുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം പേരുകൾ തന്നെ ദൃശ്യമാകും. വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
WhatsApp is on its way to make the Android version an all-in-one app.