പേരാവൂർ: മുൾവഴികൾ താണ്ടി സ്കൂളിൽ പോകാൻ ചെരുപ്പില്ലാത്തതിനാൽ വിഷമിച്ചു നിന്ന കുണ്ടേൻകാവ് കോളനിയിലെ അഞ്ചാം ക്ലാസുകാരിക്ക് തുണയായി പേരാവൂർ എക്സൈസ്. വിമുക്തി ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ കോളനി സന്ദർശിച്ചപ്പോഴാണ് സ്കൂളിൽ പോകാനാകാതെ വിഷമിച്ചു നിൽക്കുന്ന കുട്ടിയെ കണ്ട് കാര്യമന്വേഷിച്ചത്. അച്ഛൻ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് കുട്ടിയും കുടുംബവും ബുദ്ധിമുട്ടിലാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കി.
തുടർന്ന് ചെരുപ്പും മറ്റു സാമഗ്രികളും വാങ്ങി നൽകി പഠനവഴിയിലേക്കുള്ള ചുവടുവയ്പ്പുകൾക്ക് താങ്ങാവുകയായിരുന്നു. എക്സൈസ് പ്രിവൻ്റീവ് ഓഫിസർമാരായ എം പി സജീവൻ്, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ, സന്ദീപ് ജി ഗണപതിയാടൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഷീജ കാവളാൻ, കാവ്യ വാസു എന്നിവരാണ് കോളനിയിലെ വിദ്യാർത്ഥിനിക്ക് സഹായ ഹസ്തവുമായെത്തിയത്.
Peravoor Excise helps 5th class girl of Kundenkav Colony who could not go to school due to lack of shoes