മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങൾ ഉടന്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്തില്‍ സംഘര്‍ഷത്തില്‍ അയവു വന്നതോടെയാണ് ബിസിസിഐ തീരുമാനം.
മത്സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ ഔദ്യോഗികമായി അറിയിച്ചു. കളിക്കാർ ചൊവ്വാഴ്ച ടീമുകൾക്കൊപ്പം ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിര്‍ത്തിയെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ് കിംഗ്സിന്‍റെ ഹോം മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
മുൻനിശ്ചയിച്ച പ്രകാരം 25ന് തന്നെ മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പുതിയ മത്സരക്രമം ഉടൻ പുറത്തുവിടുമെന്നും ബിസിസിഐ അറിയിച്ചു.ഈ മാസം 15നോ 16നോ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് സൂചന.
ധരംശാല ഒഴികെയുള്ള വേദികളിലെല്ലാം മുന്‍ നിശ്ചയപ്രകാരം മത്സരം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി വഴിയില്‍ ഉപേക്ഷിച്ച പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്താനും ബിസിസിഐ തീരുമാനിച്ചിരുന്നു. മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളോട് മടങ്ങിയെത്താനും ടീമുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 10 ടീമുകളിലായി 62 വിദേശ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ഇതുവരെ 57 മത്സരങ്ങള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉപേക്ഷിച്ച പഞ്ചാബ്-ഡല്‍ഹി മത്സരമടക്കം ഇനി 17 മത്സരങ്ങളാണ് പൂര്‍ത്തിയാക്കാനുള്ളത്.
പ്ലേ ഓഫിലെത്താനുള്ള പോരാട്ടം അന്തിമഘട്ടത്തിലായിരിക്കെ 11 കളികളിൽ 16 പോയന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11 കളികളില്‍ 16 പോയന്‍റുളള ആര്‍സിബി രണ്ടാമതും 11 കളികളില്‍ 15 പോയന്‍റുള്ള പഞ്ചാബ് മൂന്നാമതും 12 കളികളില്‍ 14 പോയന്‍റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമാണ്. 13 പോയന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്കും 11 പോയന്‍റുള്ള കൊല്‍ക്കത്തക്കും 10 പോയന്‍റുള്ള ലക്നൗവിനും ഇപ്പോഴും പ്ലേ ഓഫ് സാധ്യകളുണ്ട്. ഏഴ് പോയന്‍റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയന്‍റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.
Iplcompetitionrestarting