കോഴിക്കോട്: വടകരയിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. ആറ് പേർക്ക് ഗുരുതരപരിക്കേറ്റു. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് കാറും ട്രാവലർ വാനും കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Vadakara