ഇരിട്ടി: ഇരിട്ടി വിരാജ്പേട്ട അന്തർ സംസ്ഥാനപാതയിൽ കിളിയന്തറ 32ൽ കെ എസ് ടി പി റോഡിനോട് ചേർന്ന സ്ഥലവും ഓവുചാലും കയ്യേറി മണ്ണിട്ട് നികത്തിയ പ്രദേശമാണ് പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇന്നലെ ഒഴിപ്പിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി മൂന്നുവർഷം മുൻപ് നിർമ്മിച്ച ഓവുചാൽ മൂടിയാണ് സ്വകാര്യവ്യക്തി കയ്യേറ്റം നടത്തിയത്. ഓവുചാല്‍ മൂടിയപ്പോൾ ഈ ഭാഗത്തെ വെള്ളം സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും കയറിയതോടെയാണ് വീണ്ടും പരാതിയുമായി നാട്ടുകാർ എത്തിയത്.
സ്ഥലത്തെ വലിയ കുന്ന് ഇടിച്ചു നിരത്തിയ മണ്ണ് നീക്കം ചെയ്‌തപ്പോൾ 80 മീറ്ററോളം വരുന്ന ഓവുചാലും പൂര്ണമായും മൂടുക ആയിരുന്നു. പരാതികൾ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനെ തുടർന്ന് നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി എത്തിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഇടപെട്ടത് കയ്യേറിയ ഭാഗത്തെ മണ്ണ് ഓവുചാലിൽ നിന്നും നീക്കം ചെയ്ത് പൂർവ്വ സ്ഥിതിയിലാക്കുവാനുള്ള നടപടികളും ആരംഭിച്ചത്.
സ്ഥല ഉടമ ഓവുചാലിനോട് ചേർന്ന് നിർമ്മിച്ച ഗേറ്റും വഴിയും അധികൃതർ പൊളിച്ചു നീക്കി. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ആയിരുന്നു പ്രവർത്തി നടത്തിയത്. ഇതിൻറെ ചിലവ് സ്ഥലം ഉടമയിൽ നിന്നും ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ ഓവുചാലിലൂടെ വെള്ളം ഒഴുകി പോകാതെ റോഡിലൂടെ വെള്ളമൊഴുകി സമീപത്തെ വീടുകളിൽ എത്തിയിരുന്നു. അധികൃതരുടെ ദീർഘകാലത്തെ അനാസ്ഥയാണ് പ്രദേശവാസികളെ ഇത്രയും നാൾ ദുരിതത്തിലാക്കിയത്
PWD vacated encroachment on KSTP road by a private person.