11 കേസുകളിൽ പ്രതിയായ ഓൺലൈൻ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്ത് വയനാട് സൈബർ സെൽ

11 കേസുകളിൽ പ്രതിയായ  ഓൺലൈൻ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്ത്  വയനാട് സൈബർ സെൽ
Sep 17, 2023 02:14 PM | By shivesh

കൽപ്പറ്റ: രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ പതിനൊന്ന് കേസുകളിൽ പ്രതിയായ മലയാളി ഓൺലൈൻ തട്ടിപ്പുകാരനെ വയനാട് സൈബർ സെൽ അറസ്റ്റ് ചെയ്തു. കൽപ്പറ്റ തിനപുരം സ്വദേശിയുടെ പരാതിയിലാണ് കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെ അറസ്റ്റ് ചെയ്തത്.

കൽപ്പറ്റ സൈബർ ക്രൈം പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സിവിൽ പോലീസ് ഓഫീസർ ജിസൺ ജോർജും വിജയവാഡയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

പഴയ കാറുകൾ വിൽക്കുന്ന ഓൺലൈൻ സൈറ്റായ ഒ.എൽ.എക്സിൽ മറ്റൊരാളുടെ കാർ കാണിച്ച് യൂസ്ഡ് കാർ ഷോറൂമുകാരനിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലാണ് ഒടുവിലത്തെ അറസ്റ്റ്. കാവും മന്ദം സ്വദേശി ഒ.എൽ.എക്സിൽ വിൽപ്പനക്ക് വെച്ച കാറാണ് പ്രതിയായ സൽമാനുൽ ഫാരിസ് സ്വന്തം കാറാണന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്.

ഇതേ സമയം കാറിൻ്റെ യഥാർത്ഥ ഉടമയോട് രണ്ടര ലക്ഷത്തിന് കച്ചവടമുറപ്പിക്കുകയും ചെയ്തു. പണം നൽകിയിട്ടും കാർ ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരന് ചതി മനസ്സിലായത്'. ഡൽഹി, കൽക്കട്ട, വിജയവാഡ എന്നിവിടങ്ങളിലും കേരളത്തിലെ 12 പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കേസുകളുണ്ട് .ഇപ്പോൾ വിജയവാഡ ജില്ലാ ജയിലിലുള്ള സൽമാനുൽ ഫാരിസ് പല തവണയായി മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ച ഇയാൾ ബോംബെയിൽ നിന്ന് ഓൺലൈൻ വ്യാപാരത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കൽപ്പറ്റ സൈബർ ക്രൈം പോലിസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ മൂന്ന് കേസുകളുണ്ട്.

ഈ കേസുകളിൽ രണ്ട് മാസത്തിനിടെ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോൾ പുതിയ കേസിൽ വീണ്ടും ഓൺലൈൻ തട്ടിപ്പിൽ അറസ്റ്റിലാവുന്നതെന്ന് ഇൻസ്പെക്ടർ ഷജു ജോസഫ് പറഞ്ഞു.

Wayanad Cyber Cell arrests online fraudster accused in 11 cases

Next TV

Related Stories
Top Stories