ദില്ലി : വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സുപ്രധാന പ്രഖ്യാപനം. സമ്പൂര്‍ണവും അടിയന്തരവുമായ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും സമ്മതിച്ചെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്രചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്നും ട്രംപ് പ്രഖ്യാപിച്ചു. പ്രായോഗിതയും ബുദ്ധിശക്തിയും പ്രദര്‍ശിപ്പിച്ചതിന് ട്രംപ് ഇരുരാജ്യങ്ങളേയും അഭിനന്ദിക്കുകയും ചെയ്തു.
വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടിയന്തര വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ധാരണയായെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍ പ്രതികരിച്ചു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തെളിഞ്ഞതോടെയാണ് പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ ശക്തമായി തിരിച്ചടിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്താന്‍ കശ്മീരില്‍ ഷെല്ലാക്രമണം നടത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പാക് ഡ്രോണുകള്‍ തകര്‍ക്കുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്ത ഇന്ത്യ പാകിസ്താന് കൃത്യമായ മറുപടിയും നല്‍കിയിരുന്നു.
Indiapakistanwar