ഇരിട്ടി : വനം വകുപ്പ് കണ്ണൂർ ഡിവിഷൻ കോളിക്കടവിൽ പുഴ പുറമ്പോക്കിൽ നട്ടുവളർത്തിയ മാഞ്ചിയം തോട്ടം മുറിച്ചുനീക്കുന്നതിന് മരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. കോളിക്കടവിൽ റോഡിന് ഇരുവശങ്ങളിലുമായി ആറ് ഹെക്ടറുകളോളം സ്ഥലത്താണ് 12 വർഷം മുൻപ് മാഞ്ചിയം നട്ടുവളർത്തിയത്. നേരത്തേയുണ്ടായിരുന്ന അക്കേഷ്യാമരങ്ങൾ മുറിച്ചാണ് മാഞ്ചിയം നട്ടത്. പൂർണ വളർച്ചക്കാലം പിന്നിട്ടതോടെയാണ് മരങ്ങൾ മുറിക്കുന്നതിന് മുന്നോടിയായി കണക്കെടുപ്പ് ആരംഭിച്ചത്.
തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് ഓരോ മരത്തിനും നമ്പർ പതിച്ച് നീളവും വണ്ണവും കണക്കാക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. നേരത്തേ അക്കേഷ്യാമരങ്ങൾ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. ഇക്കുറി അവർ താത്‌പര്യം കാണിക്കാത്തതിനാൽ ടെൻഡർ ചെയ്യാനാണ് തീരുമാനം. ഒപ്പൺ ടെൻഡറിലൂടെ കൂടുതൽ പണം രേഖപ്പെടുത്തുന്നവർക്ക് അനുവദിക്കുന്ന രീതിയാണ് പരിഗണിക്കുന്നത്.
പഴശ്ശിപദ്ധതിയുടെ പുറമ്പോക്ക് ഭൂമിയിൽ സാമൂഹ്യ വനവത്കരണ വിഭാഗവും വൻ തോതിൽ മാഞ്ചിയം നട്ടു വർത്തിയിട്ടുണ്ട്. പടിയൂർ, നിടിയോടി, പെരുവംപറമ്പ് , പെരുമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളിലും പൂർണ വളർച്ചയെത്തിയ മരങ്ങളുണ്ട്. കഴിഞ്ഞദിവസം നിടിയോടിയിൽനിന്ന് മുറിച്ചുകടത്തിയ മരങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്.
അക്കേഷ്യ, മാഞ്ചിയം മരങ്ങൾക്ക് പകരം ഫലവൃക്ഷങ്ങളും മറ്റും നട്ടുവളർത്തണമെന്ന ആവശ്യം നേരത്തേ ശക്തമായിരുന്നു. ഇക്കുറി റിപ്ലാന്റേഷൻ ചെയ്യുന്നത് ഇത്തരത്തിലായിരിക്കും.
Counting of trees has been started to cut down mangium plantations planted in the outskirts.