തിരുവനന്തപുരം: ബാങ്ക് വായ്പ കുടിശ്ശികയില്‍ ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകരുടെയും പാവപ്പെട്ട ജനങ്ങളുടെയും പ്രശ്നം സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ ഉന്നയിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് സാമ്പത്തിക പ്രയാസം മൂലം പണം തിരിച്ചടക്കാൻ സാധിക്കാത്ത പാവപ്പെവര്‍ക്കെതിരെ വ്യാപകമായി നടത്തിവരുന്ന ജപ്തി നടപടികൾ മൂലം അവര്‍ നേരിടുന്ന കടുത്ത ആശങ്കയും പ്രതിസന്ധിയും പരിഹരിക്കേണ്ടത് സംബന്ധിച്ച് അഡ്വ. സജീവ് ജോസഫ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തിലെ കാര്‍ഷിക മേഖലയും ദുര്‍ബല ജനവിഭാഗങ്ങളും കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലും ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുയാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലായെന്നും എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിനാളുകള്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ മാത്രം 4 കര്‍ഷകരാണ് 2 മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തതെന്നും എം.എല്‍.എ പറഞ്ഞു.
കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും അതിനു സാധിച്ചില്ലെങ്കില്‍ പലിശയും പിഴപലിശയും ഒഴിവാക്കുന്നതിനും പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനും നടപടി ഉണ്ടാകണെമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Issues related to bank loan dues will be apprised of state level bankers' committee