തലശ്ശേരി : ഫിഷറീസ് വകുപ്പിന്റെ ധര്‍മടം അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസ വ്യവസ്ഥയില്‍ സമഗ്രമത്സ്യ സംരക്ഷണ പദ്ധതി 2022-25ന്റെ ഭാഗമായി പട്രോളിംഗ് ബോട്ട് നിരീക്ഷണം തുടങ്ങി. ധര്‍മടം ബീച്ച് റിസോര്‍ട്ടിന് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി അധ്യക്ഷത വഹിച്ചു. ധര്‍മ്മടം അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് മത്സ്യസംരക്ഷണ മേഖലകള്‍ സൃഷ്ടിച്ചും മത്സ്യവിത്ത് നിക്ഷേപിച്ചും ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിച്ച് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും മറ്റ് അനധികൃത മത്സ്യബന്ധനം തടയാനുമാണ് പട്രോളിങ് ബോട്ട് നീറ്റിലിറക്കിയത് .
6.45 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് വാങ്ങിയത്. ധര്‍മടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം പി മോഹനന്‍, അംഗങ്ങളായ കെ നാരായണന്‍, അഭിലാക്ഷ് വേലാണ്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, തലശ്ശേരി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി കെ രജീഷ് എന്നിവര്‍ പങ്കെടുത്തു.
Thalassery