---
title: "കൊട്ടിയൂരിൽ ഇന്ന് വാളാട്ടം; നാളെ തൃക്കലശ്ശാട്ട്"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212474/kottiyoor"
published_at: "2024-06-16T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e2618ab896_IMG-20240616-WA0001(1).jpg"
keywords: []
---

# കൊട്ടിയൂരിൽ ഇന്ന് വാളാട്ടം; നാളെ തൃക്കലശ്ശാട്ട്

> **Lead Summary:** **കൊട്ടിയൂർ**: വൈശാഖമഹോത്സവത്തിൽ ഇന്ന് വാളാട്ടം. തിങ്കളാഴ്ച തൃക്കലശാട്ടത്തോടെ കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനമാവും. ഇന്ന് അത്തം ദിനത്തിൽ പതിവ് പൂജകൾക്കുശേഷം അത്തം ചതുശ്ശതം പെരുമാൾക്ക് നിവേദിക്കും.

## Article Content

**കൊട്ടിയൂർ**: വൈശാഖമഹോത്സവത്തിൽ ഇന്ന് വാളാട്ടം. തിങ്കളാഴ്ച തൃക്കലശാട്ടത്തോടെ കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനമാവും. ഇന്ന് അത്തം ദിനത്തിൽ പതിവ് പൂജകൾക്കുശേഷം അത്തം ചതുശ്ശതം പെരുമാൾക്ക് നിവേദിക്കും.

തുടർന്ന് ഉച്ചശീവേലിക്കിടയിലാണ് വാളാട്ടം നടക്കുക. കിഴക്കേനടയിൽ തിരുവഞ്ചിറയിൽ വച്ചാണ് വാളാട്ടം. ഭണ്ഡാരം എഴുന്നള്ളത്ത് ദിവസം മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന് വാളറയിൽ പൂജിക്കുന്ന ദേവി ചൈതന്യം കുടികൊള്ളുന്ന വാളുകളുമായി വാളശ്ശൻമാരാണ് വാളാട്ടം നടത്തുന്നത്.

ഏഴില്ലക്കാരായ വാളശ്ശൻമാർ സ്വയംഭൂ വിഗ്രഹത്തിൽനിന്ന് ഉത്സവകാലത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം തിരികെ ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം ചടങ്ങിന് ഏറെ പ്രാധാന്യമുണ്ട്. വാളാട്ടത്തെ തുടർന്ന് ശീവേലി പൂർത്തിയാക്കി കുടിപതികളുടെ തേങ്ങയേറ് നടക്കും. വൈകുന്നേരത്തെ ആയിരം കുടം അഭിഷേകവും ഒരു നവകത്തോടെയുള്ള പൂജയും കഴിയുന്നതോടെ ഈ ആണ്ടത്തെ വൈശാഖ മഹോൽസവ നിത്യനിതാനങ്ങൾക്ക് പരിസമാപ്തിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212474/kottiyoor)