കണ്ണൂർ: ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് വീണ്ടും നിധി കിട്ടി. സ്വർണ മുത്തുകളും വെള്ളി നാണയങ്ങളുമാണു കണ്ടെത്തിയത്. രാവിലെ കുഴി വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധി കിട്ടിയത്. പഞ്ചായത്തിൽ അറിയിച്ചശേഷം പൊലീസിനു കൈമാറുമെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെ 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് ലഭിച്ചത്.
നിധി പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു. പരിപ്പായി ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽനിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരുസെറ്റ് കമ്മൽ, നിരവധി വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു വസ്തു എന്നിവയാണ് ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർത്തോട്ടത്തിൽ മഴക്കുഴിക്കായി ഒരുമീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ലഭിച്ചത്. ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും.
തുടർന്ന് തൊഴിലാളികൾ പോലീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സ്വർണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു.
Treasure Found Again During Construction Of Rain Pit In Kannur