ഡൽഹി :കേരളത്തിന് 24 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിട്യൂട്ടിനു ബി.എസ്.എൽ 3 അഥവാ ബയോ സേഫ്റ്റി ലെവൽ 3 പദവി ഉടനെ നൽകണമെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം.പിയുമായ അഡ്വ. പി സന്തോഷ് കുമാർ.
പാർലിമെന്റ് ചേരുന്നതിന് മുൻപ് കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് പി സന്തോഷ് കുമാർ ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയും രാജ്യസഭ അംഗവുമായ ജെ.പി.നദ്ദ പങ്കെടുത്ത യോഗത്തിലാണ് പി സന്തോഷ് കുമാർ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചത്. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം കേരളം സംസ്ഥാനത്തിന് സംഭവിച്ച ബുദ്ധിമുട്ടുകൾ നികത്താനും വികസനപദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാനും ഈ പാക്കേജ് അനിവാര്യമാണ്. നിപ്പയും മറ്റു രോഗങ്ങളും വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ദേശീയ വൈറോളജി ഇൻസ്റ്റിട്യൂട്ടിനു ബി.എസ്.എൽ 3 പദവി നൽകുന്നത് ആരോഗ്യ മേഖലയ്ക്കും ഗവേഷണമേഖലയ്ക്കും വലിയ ഊർജം പകരും. ഒരുപാടു തവണ കേരള സർക്കാർ ഇതിനായി അഭ്യർത്ഥനകൾ നടത്തിയെങ്കിലും കേന്ദ്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും കേരളം ആവശ്യപ്പെട്ടിരുന്ന ഈ സാമ്പത്തിക പാക്കേജ് നൽകാനുള്ള നടപടികൾ അടുത്ത ദിവസങ്ങളിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ സ്വീകരിക്കണം എന്നും അഡ്വ.പി.സന്തോഷ് കുമാർ എം.പി പറഞ്ഞു. സർവകക്ഷി യോഗത്തിൽ നീറ്റ് പരീക്ഷയിലെ ക്രമക്കേടും തുടർന്നുണ്ടായ വിവാദങ്ങളെ കുറിച്ചും അഡ്വ.പി സന്തോഷ് കുമാർ എം.പി സംസാരിച്ചു. നീറ്റ് റദ്ദാക്കണമെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വികേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Delhi