തിരൂർ: ഡപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ കാണ്മാനില്ലെന്ന് കുടുംബമാണ് പരാതി നൽകിയത്. ബുധനാഴ്ച വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. 8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്‌സൈസ് വകുപ്പുമായി ചേർന്ന് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നുമായിരുന്നു ലഭിച്ച മെസേജ്. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു.
കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. ഇതിനിടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. ഇന്നു രാവിലെ 6.55 ന് ഫോൺ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. ഈ സമയം ഫോണിന്റെ ലൊക്കേഷൻ കോഴിക്കോടാണ് കാണിച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ചാനിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Complaint Goes Missing In Tirur Deputy Tahsildar