കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിൽ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ അരിയിൽ പുഴുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സര്‍ക്കാരും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ റവന്യു മന്ത്രി കെ രാജനെ വെല്ലുവിളിച്ച് യു.ഡി.എഫ് നേതാക്കളായ ടി സിദ്ദിഖ് എംഎല്‍എ, രാജ്മോഹൻ ഉണ്ണിത്താൻ, എൻകെ പ്രേമചന്ദ്രൻ തുടങ്ങിയവര്‍ രംഗത്തെത്തി. ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ മന്ത്രിയെ വെല്ലുവിളിച്ചു. കിറ്റ് വിവാദത്തിൽ വൈകിട്ട് പ്രതിഷേധിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം വീഴ്ച മറച്ചുവെക്കൻ ഉദ്യോഗസ്ഥരെ കരുവാക്കുകയാണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. എഡിഎമ്മിനെ കൊണ്ട് റവന്യു മന്ത്രി കള്ളം പറയിക്കുകയാണ്. പഞ്ചായത്ത് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കണം. 835ൽ 474ൽ കിറ്റുകള്‍ കൊടുത്തു. കാലാവധി കഴിഞ്ഞ നിരവധി കിറ്റുകള്‍ അതിൽ കണ്ടെത്തിയിട്ടുണ്ട്. കാലാവധി രേഖപ്പെടുത്താത്ത കിറ്റുകളും നിരവധിയുണ്ട്. അരി മാത്രമേ കൊടുത്തിട്ടുള്ളു എന്ന് രാജൻ പച്ചക്കള്ളം പറയുകയാണ്.പരിപ്പ് ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളും റവന്യൂ വകുപ്പ് വിതരണം ചെയ്തു. തെരഞ്ഞെടുപ്പ് ആയതിനാൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു ജന പ്രതിനിധികളും കിറ്റ് വിതരണത്തിൽ ഭാഗമല്ല.പാതിരിപ്പാലത്തെയും കൈനാട്ടിയിലെയും ഗോഡൗണുകളിലും ടൺ കണക്കിന് ഭക്ഷണ സാമഗ്രികളാണുള്ളത്. ഇവ തുറന്ന് പരിശോധിക്കാൻ റവന്യൂ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. കിറ്റ് വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം വേണം. സംയുക്ത നിയമസഭ സമിതി അന്വേഷണം നടത്തണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ വാദം തെറ്റാണ്. 835 ചാക്കും പഞ്ചായത്തിന് ലഭിച്ചത് നവംബർ ഒന്നിനാണ്.ഗോഡൗൺ തുറപ്പിക്കാൻ നിയമനടപടി സ്വീകരിക്കും. വിവാദത്തിൽ വൈകിട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു.വിവാദത്തിൽ യുഡിഎഫ് പ്രതിരോധത്തില്‍ അല്ലെന്നും ഓല പാമ്പ് കാണിച്ച് വിരട്ടേണ്ടെന്നം രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഭരണ നേട്ടങ്ങൾ വിശദീകരിക്കാൻ കഴിയാത്ത സർക്കാർ അടിസ്ഥാനരഹിത വിവാദം ഉണ്ടാക്കുന്നുവെന്ന് എൻകെ പ്രേമചന്ദ്രൻ ആരോപിച്ചു.
Meppadifoodkittissue