മണത്തണ :ചിത്ര-ശില്പ കലാപ്രവർത്തകരുടെ ഒത്തുചേരലിനു വേദിയാകുന്ന 'ല' ആർട്ട് ഫെസ്റ്റ് മണത്തണ കോട്ടക്കുന്നിൽ ആരംഭിച്ചു. ഇന്നും നാളെയുമായാണ് ആർട്ട്ഫെസ്റ്റ് നടക്കുക. LA/ല ആർട്ട് ഫെസ്റ്റിൻ്റെ കർട്ടൻ റൈസർ പ്രോഗ്രാം എന്ന നിലയിൽ പ്രശസ്ത ചിത്രകാരൻ ജോയി ചാക്കോയുടെ 50 വർഷത്തിലധികമായി തുടരുന്ന സർഗാത്മക കലാജീവിതത്തെ ആദരിക്കുകയാണ് ആർട്ട് ഫെസ്റ്റിലൂടെ വിഭാവനം ചെയ്യുന്നത്. രാവിലെ 9 മണിക്ക് ജോയി ചാക്കോയുടെ ചിത്ര പ്രദർശനം ആരംഭിച്ചു. തുടർന്ന് 'കോട്ടക്കുന്ന് പ്രാചീന ചരിത്രവും, അധിനിവേശചരിത്രവും' എന്ന വിഷയത്തിൽ രാജേഷ് മണത്തണ ചരിത്രാവതരണം നടത്തി. നവാഗതരുടെ ആർട്ട് ക്യാമ്പ് കൊച്ചി ബിനാലെ 'ആർട്ട് ബൈ ചിൽഡ്രൻ' പ്രോഗ്രാം ഡയറക്ടറും ആർട്ടിസ്റ്റുമായ ബ്ലെയ്സ് ജോസഫ് നയിച്ചു.
വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എം എൽ എ സണ്ണി ജോസഫ് ജോയി ചാക്കോയുടെ 50 ലേറെ വർഷത്തെ കലാജീവിതത്തെ ആദരിക്കും. ചടങ്ങിൽ പ്രദേശത്തെ സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കും. മലയോര കർഷകനായി ജീവിച്ചുകൊണ്ട് ജോയി ചാക്കോ കഴിഞ്ഞ 50 ൽ അധികം വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന കലാപ്രവർത്തനങ്ങളേയും കലാകൃതികളേയും മുൻനിർത്തിയുള്ള പഠനം ഡോ. ശ്രീലക്ഷ്മി എസ് ബി അവതരിപ്പിക്കും. തുടർന്ന് 7 മണിക്ക് 'ഗസൽ സായാഹ്നം' സംഗീതപരിപാടിയോടുകൂടി ഒന്നാംദിവസം അവസാനിക്കും.
'la' art fest in manathana