തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്. ആകെ 58 സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തില്‍ ഓടുന്ന 77 സ്ഥാപനങ്ങളില്‍ നിന്നായി 18,062.49 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുഖജനാവിനുള്ളത്. ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് നിയമസഭയില്‍ വച്ചത്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 18 എണ്ണം 1986 മുതല്‍ അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം റിപ്പോര്‍ട്ടില്‍ കെഎസ്ആര്‍ടിസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ഉള്ളത്. 2016ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി പറയുന്നു.
കെഎംഎംഎല്‍ കൃത്യമായ കണക്കുകളല്ല കാണിക്കുന്നതെന്നും, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ 23.17 കോടിയുടെ നഷ്ടമാണ് കെഎംഎംഎല്ലിന് ഉണ്ടായത്. കരാര്‍ യോഗ്യതയില്ലാത്തവര്‍ക്ക് നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ടെന്‍ഡര്‍ വിളിക്കാതെ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതില്‍ നഷ്ടമുണ്ടായെന്നും പൊതുടെണ്ടര്‍ വിളിക്കണമെന്നും സിഎജിയുടെ ശുപാര്‍ശയുണ്ട്.
cag report