കൊച്ചി: 'എമ്പുരാൻ' സഹ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്. 'ലൂസിഫർ', 'മരക്കാർ' എന്നീ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാണ് നോട്ടീസിലുള്ളത്. മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്തണമെന്ന് നോട്ടീസിൽ പറയുന്നു.
കഴിഞ്ഞദിവസം 'എമ്പുരാൻ' സിനിമയുടെ സഹനിർമാതാവായിരുന്ന ഗോകുലം ഗോപാലന്‍റെ ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ രാത്രി വൈകിയും ഗോപാലനെ ഇഡി ചോദ്യം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളും പരിശോധിച്ചു എന്നാണ് സൂചന. എന്നാല്‍ ഫെമ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നിൽ എന്നാണ് ഇഡി നൽകുന്ന വിശദീകരണം. കോഴിക്കോട്ടെ മാളിലും ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു.
സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലെന്നും ഗോകുലം സ്ഥാപനങ്ങൾ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
'എമ്പുരാൻ' സിനിമ പുറത്തിറങ്ങിയത് മുതൽ സംഘപരിവാര്‍ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. ചിത്രത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തമിഴിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസായ ലൈക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരാൻ ഏറ്റെടുത്തത്.
Kochi