ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിൽ ത്രിതല പഞ്ചായത്തുകളും കൃഷി വകുപ്പും ചേർന്ന് നടത്തുന്ന സോളാർ തൂക്കുവേലിയുടെ നിർമ്മാണ പുരോഗതി കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എത്തി വിലയിരുത്തി . പാലത്തുംകടവ് മുതൽ അയ്യൻകുന്ന് പഞ്ചായത്തിന്റെ അതിർത്തിയായ വാളത്തോട് വരെയുള്ള 20.5 കിലോമീറ്റർ ദൂരം 1.45 കോടി രൂപ ചിലവിൽ സോളാർ തൂക്കുവേലി നിർമ്മിക്കുന്നത് . ഇതിന്റെ പ്രവർത്തിയാണ് പാലത്തുംകടവിൽ ആരംഭിച്ചിരിക്കുന്നത് . പാലത്തുംകടവ് കരി മലയിൽ വനാതിർത്തിയിൽ രണ്ട് കിലോമീറ്റെർ സോളാർ തൂക്കുവേലിയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട് . വാണിയപ്പാറതട്ട് , രണ്ടാംകടവ് , ഉരുപ്പുംകുറ്റി എന്നിവിടങ്ങളിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ അടിക്കാടുകൾ വെട്ടിത്തെളിച്ചു കഴിഞ്ഞു . ഉളിക്കൽ ,പായം , അയ്യൻകുന്ന് , ആറളം പഞ്ചായത്തുകളിലാണ് അതിർത്തിയിൽ സോളാർ തൂക്കുവേലി നിർമ്മിക്കുന്നത് .
കൃഷിവകുപ്പ് 2.18 കോടി രൂപ കൈമാറി
സോളാർ തൂക്കുവേലിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് 2.18 കോടി രൂപ വനം വകുപ്പിന് കൈമാറി . ഉളിക്കൽ അയ്യൻകുന്ന് പഞ്ചായത്തുകളിലെ നിർമ്മാണത്തിന്റെ ഭാഗമായാണ് തുക കൈമാറിയിരുന്നത് . ഇതിൽ ഉളിക്കൽ പഞ്ചായത്തിന്റെ അഞ്ച് കിലോമീറ്ററും അയ്യൻകുന്നിൽ രണ്ട് കിലോമീറ്റർ ദൂരവുമാണ് പ്രവൃത്തി പൂർത്തീകരിച്ച് ചാർജ്ജ് ചെയ്തിരിക്കുന്നത് . മറ്റുള്ള ഭാഗങ്ങളിലെ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നതായാണ് പഞ്ചായത്ത് പറയുന്നത് . പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയ ശേഷം ഒരു കോടി രൂപകൂടി കൈമാറുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു . പരിശോധന സംഘത്തിൽ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം , സെലീന ബിനോയി , കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തുളസി ചെങ്ങാട്ട് , ഡെപ്യൂട്ടി ഡയറക്ടർ പദ്ധതി ഇൻ ചാർജ് ബിന്ദു കെ. മാത്യു , അയ്യൻകുന്ന് കൃഷി ഓഫീസർ ഷെറിൻ ജോസ് , ബീറ്റ് ഫോറെസ്റ്റ് ഓഫീസർ അമൽ എന്നിവരും ഒപ്പമുണ്ടയിരുന്നു .
Visitsolargate