കണ്ണൂർ: ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ക്ഷേത്രത്തിലെത്തിയവർ മണിക്കൂറുകളോളം പരിഭ്രാന്തരായി. ഇന്നലെ രാത്രി 9.45ന് ആണ് സംഭവം. തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്.
പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടിയതിനെ തുടർന്ന് ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു. തിടമ്പുമായി ആനപ്പുറത്തിരുന്ന ആളെ ഏറെ നേരം കഴിഞ്ഞാണു രക്ഷപ്പെടുത്താനായത്.
ആനയുടെ സമീപം നിന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വട്ടപന്തലിനുള്ളിലെ ഭണ്ഡാരം, സൗണ്ട് ബോക്സുകൾ, 2 തൂണുകൾ എന്നിവ തകർത്തു. വട്ടപ്പന്തലിൽ ആനയെ എഴുന്നള്ളിക്കുന്നിടത്ത് കയർകെട്ടി ആളുകളെ നിയന്ത്രിച്ചതിനാൽ വൻ അപകടം ഒഴിവായി. ഇടഞ്ഞ ആന തലകുലുക്കി, തുമ്പിക്കൈ വീശി അക്രമാസക്തമാവുകയായിരുന്നു. ഏറെ പരിശ്രമിച്ചാണ് ആനയെ തളച്ചത്. തുടർന്നു പറശ്ശിനിക്കടവ് ദേശത്തിന്റെ ആഭിമുഖ്യത്തിലുള്ള വെടിക്കെട്ടുംമറ്റു ചടങ്ങുകളും നടന്നു.
Kannur