തിരുവനന്തപുരം : എ.ടി.എമ്മിൽ പോയി പണം പിൻവലിക്കുമ്പോൾ മിക്കവാറും ലഭിക്കുക 500 രൂപയുടെ കറൻസിയായിരിക്കും. പിന്നീട് ഇത് ചില്ലറയാക്കുക എന്നത് മറ്റൊരു ബുദ്ധിമുട്ടാണ്. എന്നാൽ ഈ പ്രശ്നത്തിൽ റിസർവ് ബാങ്ക് തന്നെ ഇപ്പോൾ ഇടപെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗായി എ.ടി.എമ്മുകൾ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്കുകളും വൈറ്റ് ലേബൽ എ.ടി.എം ഓപ്പറേറ്റർമാരും ഈ നിർദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കണം.
പൊതുജനങ്ങൾ പതിവായി ഉപയോഗിക്കുന്ന മൂല്യമുള്ള നോട്ടുകൾ കൂടുതൽ എളുപ്പത്തിൽ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എല്ലാ ബാങ്കുകളും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാരും അവരുടെ എ.ടി.എമ്മുകൾ വഴി 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകൾ പതിവായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. സർക്കുലർ അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 30 ഓടെ, 75 ശതമാനം എടിഎമ്മുകളും കുറഞ്ഞത് ഒരു കാസറ്റിൽ നിന്നെങ്കിലും 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകൾ വിതരണം ചെയ്യണം. 2026 മാർച്ച് 31 ആകുമ്പോഴേക്കും, 90 ശതമാനം എടിഎമ്മുകളിലും കുറഞ്ഞത് ഒരു കാസറ്റിൽ നിന്നെങ്കിലും 100 രൂപയോ 200 രൂപയോ മൂല്യമുള്ള നോട്ടുകൾ വിതരണം ചെയ്യണം.
Rbiaboutatm