തിരുവനന്തപുരം : പേവിഷബാധയേറ്റ് 7 വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി അധികൃതർ. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് ചികിത്സയിലിരിക്കെ മരിച്ചത്. നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് ഡോക്ടർ ബിന്ദു പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുട്ടിയ്ക്ക് പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വിശദമാക്കി.
തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് ഉണ്ടായത് വലിയ പരുക്ക് ആയിരുന്നു. വിഷയത്തിൽ ആരും ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ല. ആരും അങ്ങനെ നിർദേശിക്കാറില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിൻ ഫലപ്രദമാണെന്നാണ് നടത്തിയ പഠനത്തിലെയും കണ്ടെത്തലെന്ന് ജോയിന്റെ ഡിഎംഇ ഡോക്ടർ വിശ്വനാഥ് പറഞ്ഞു. അതിനാൽ വാക്സിനിൽ സംശയമില്ല. പഠനത്തിൽ ഇത് കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ സ്റ്റോറേജ് അടക്കം പരിശോധിച്ചാണ് റിപ്പോർട്ടെന്ന് അദേഹം പറഞ്ഞു.
നായയുടെ കടിയേറ്റ ഭാഗത്തെ മുറിവ് കെട്ടില്ല. മുറിവ് മൂടുന്നത് വൈറസ് കൂടുതൽ വേഗം കൂടും. പ്രോട്ടോകോൾ പ്രകാരം മുറിവ് തുറന്ന് വെയ്ക്കുന്നതാണ് രീതിയെന്ന് ഡോക്ടർ വിശ്വനാഥ് പറഞ്ഞു. നിയാ ഫൈസൽ മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ എട്ടരയോടെയായിരുന്നു സംസ്കാരം. വിഷബാധയേറ്റുള്ള മരണമായതിനാൽ മൃതദേഹം വീട്ടിലെത്തിച്ചിരുന്നില്ല.
Sathospital