കണ്ണൂർ: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ അറുപത് ലക്ഷത്തോളം പണയ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കച്ചേരിക്കടവ് സ്വദേശിയും കോൺഗ്രസ് വാർഡ് പ്രസിഡന്‍റുമായ സുനീഷ് തോമസിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. സുനീഷ് തോമസും ബാങ്കിലെ താത്കാലിക ജീവനക്കാരനും മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
18 പാക്കറ്റ് പണയസ്വർണം തട്ടിയെടുത്ത ശേഷം മുക്കുപണ്ടം പകരം വെക്കുകയായിരുന്നു. കവർന്ന പതിനെട്ടിൽ പതിനാറ് പാക്കറ്റും സുനീഷിന്‍റെ ബന്ധുക്കളുടേതും സുഹൃത്തുക്കളുടേതുമാണ്. മറ്റൊരാളുടെ സ്വർണം തട്ടിയെടുത്തതോടെയാണ് പിടിവീണത്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് സ്വർണം കവർന്നതെന്നാണ് മൊഴി. ഒളിവിലുളള പ്രതി സുധീർ തോമസിനായി തെരച്ചിൽ തുടരുകയാണ്. രണ്ട് വർഷം മുമ്പാണ് യുഡിഎഫിൽ നിന്ന് സിപിഎം ബാങ്ക് ഭരണം പിടിച്ചെടുത്തത്.
Arrested