കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്ത അതിജീവിതരുടെ പുനരധിവാസം അതിവേഗം പൂർത്തീകരിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തയാറാവുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന മാതൃകാ വീടിന്‍റെ വാര്‍പ്പ് ശനിയാഴ്ച പൂർത്തിയായി. ദുരന്ത അതിജീവിതവര്‍ക്കായി കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ ഭൂമിയില്‍ തയ്യാറാകുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അഞ്ച് സോണുകളായി തിരിച്ചാണ് നിര്‍മ്മാണം നടക്കുന്നത്.
നിലവില്‍ സോണ്‍ ഒന്നിലെ പ്രവര്‍ത്തനങ്ങളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. സോണ്‍ ഒന്നില്‍ 99 വീടുകളാണ് ആദ്യഘട്ടത്തില്‍ തയാറാവുന്നത്. ഇതില്‍ ഏഴ് സെന്‍റ് വീതമുള്ള 60 പ്ലോട്ടുകളായി തിരിക്കുകയും 27 വീടുകള്‍ക്കായി ഫൗണ്ടേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. തൊഴിലാളികള്‍, സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 150ഓളം പേരാണ് എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. എസ്‌കലേറ്റര്‍, ഹിറ്റാച്ചി, മണ്ണ് മാന്തി യന്ത്രങ്ങളുള്‍പ്പെടെ 12 ഓളം ഉപകരണങ്ങള്‍ എത്തിച്ചാണ് ദ്രുതഗതിയിൽ പ്രവൃത്തി നടത്തുന്നത്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം.
Wayanadtownship