ദില്ലി : ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് സൈനിക വക്താവിന്റെ ഭീഷണി. ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പാകിസ്താനിലെ ഒരു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ഭീഷണി.
നേരത്തെ ഇത്തരത്തിലൊരു ഭീഷണി ഭീകരനായ ഹാഫിസ് സെയ്ദ് ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഹാഫിസ് സെയ്ദിന്റെ അതേഭാഷയിലുള്ള ഭീഷണിയാണിപ്പോള്‍ വീണ്ടും ഉയര്‍ന്നു വരുന്നതെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കുന്നത് വരെ സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്ന് ഇന്നലെയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാക് അധീന കശ്മീരില്‍ നിന്നും ഒഴിഞ്ഞ ശേഷമേ പാകിസ്താനുമായി ചര്‍ച്ചയുള്ളൂ എന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിന്ധു നദീജല കരാര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ അയച്ച കത്ത് നേരത്തെ ഇന്ത്യ നിരസിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ തീരുമാനം പുനപരിശോധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്നും, വെടിനിര്‍ത്തലിന് പിന്നില്‍ അമേരിക്കയുടെ മധ്യസ്തതയില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
Pakkisthanagainstindia