കണ്ണൂർ :വേനലവധിക്ക് ശേഷം ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിലെ മുഴുവൻ സ്‌കൂളുകളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കും. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായാൽ, സമയബന്ധിതമായി പ്രഖ്യാപനം നടത്തുമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ യോഗത്തിൽ അറിയിച്ചു.
എല്ലാ സ്‌കൂളുകളിലും സ്‌കൂൾ സുരക്ഷാ പ്ലാൻ അഥവാ സ്‌കൂൾ ദുരന്ത നിവാരണ പ്ലാൻ തയ്യാറാക്കണം. സ്‌കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തണം. ജില്ലയിൽ ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ സ്‌കൂൾ പ്രവൃത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് യോഗം നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്‌കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാഭിത്തികൾ നിർമ്മിക്കണം. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. റെയിൽ ക്രോസിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി അഗ്‌നി സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ മോക് ഡ്രിൽ സംഘടിപ്പിക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂകൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണം. സ്‌കൂൾ ബസുകൾ, സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. കുട്ടികളെ അമിതമായി കയറ്റി വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലെന്നും യോഗം നിർദേശിച്ചു.
.
Rain