---
title: "വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍"
english_title: "Krajanaboutrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/293158/krajanaboutrain"
published_at: "2025-05-30T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68396e0383eaf_1000091320.jpg"
keywords: []
---

# വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍

> **Lead Summary:** സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. ഒരു കാരണവശാലും ഡാമുകളില്‍ വെള്ളം നിര്‍ത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയാതായി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

## Article Content

സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍. ഒരു കാരണവശാലും ഡാമുകളില്‍ വെള്ളം നിര്‍ത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയാതായി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകും. ഉച്ചയ്ക്കുശേഷം തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിക്കും. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരാനാണ് സാധ്യത. ജൂണ്‍ 5 വരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. 6 -12 വരെ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. പൊന്മുടിയില്‍ മണിക്കൂറില്‍ 54 കിലോമീറ്റര്‍, പൊന്മുടി 44, റാന്നി 44 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശി. മഴക്കൊപ്പം കാറ്റ് വീശുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 66 ക്യാമ്പുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. 1894 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 6 ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നാലായിരത്തോളം ക്യാമ്പുകള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണ പ്രകാരം അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിമാര്‍ വിനിയോഗിക്കണം.തോട്ടപ്പള്ളി സ്പില്‍വേയുടെ 36 ഷട്ടറുകള്‍ ഇപ്പോള്‍ തുറന്നു. തണ്ണീര്‍മുക്കത്തും എല്ലാ ഷട്ടറുകളും തുറന്നു.അന്ധകാര നാഴിയില്‍ 20 ഷട്ടറുകളില്‍ ഏഴെണ്ണമാണ് തുറന്നിട്ടുള്ളത്. മഴ ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ രാത്രി യാത്രകള്‍ ഒഴിവാക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ കേസെടുക്കുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/293158/krajanaboutrain)