പിണറായി : പിണറായി പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടം ഡിസംബറിൽ പൂർത്തിയാകും. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങി. ഏഴുവർഷമായി ചേരിക്കൽ റോഡിൽ വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പിണറായി പഞ്ചായത്തിന്‍റെ കൈവശമുള്ള 25 സെൻറ് സ്ഥലമാണ് മാതൃകാ പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി വിട്ടുനൽകിയത്. 8173 ചതുരശ്രയടിയിൽ മൂന്നുനിലകളിലാണ് കെട്ടിടം. പുരുഷന്മാർക്കും വനിതകൾക്കുമായി പ്രത്യേകംലോക്കപ്പ്, ലോക്കർ, ശൗചാലയം എന്നിവ ഒരുക്കും.
ഓഫീസ്, സ്വീകരണ മുറി, ഇൻസ്പെക്ടറുടെ മുറി, സാക്ഷികളെ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള മുറികൾ, സർക്കാർ വക സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, രേഖകൾ സൂക്ഷിക്കാനുള്ള മുറി, തെളിവുകൾ സൂക്ഷിക്കാനുള്ള മുറി, ലിഫ്റ്റ്, വിനോദമേഖല, ക്ലാസ് മുറി, വനിതാ ഹെൽപ്പ് ഡെസ്ക്, സിസിടിവി മുറി, ശാരീരിക ക്ഷമത പരിശോധനാ മുറി, സ്ത്രീസൗഹൃദ മുറി തുടങ്ങിയവ പുതിയ കെട്ടിടത്തിന്റെ ഭാഗമാകും. മൂന്നുകോടി രൂപ ചെലവിലാണ് നിർമാണം. വികസന പ്രവർത്തനങ്ങൾക്കായി കൺവെൻഷൻ സെന്ററിന് സമീപം ഏറ്റെടുത്ത 1.75 ഏക്കറിൽനിന്നാണ് 25 സെന്റ് പോലീസ് സ്റ്റേഷന് വിട്ടുനൽകുന്നത്. ബാക്കിയുള്ള സ്ഥലത്ത് നിശാഗന്ധി മാതൃകയിൽ ഓപ്പൺ എയർ തിയേറ്ററും പണിയും. 2018 ജൂൺ 30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.

Pinarayi Police Station