മഞ്ഞളാംപുറം : കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറത്ത് നിർമിച്ച മൾട്ടി പർപ്പസ് സിന്തറ്റിക്ക് സ്റ്റേഡിയം കാടുകയറി നശിച്ച നിലയിൽ. 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയമാണ് ആർക്കും ഉപകാരമില്ലാത്ത രീതിയിൽ അനാഥമായി കിടക്കുന്നത്. മലയോരത്തെ കായികപ്രതിഭകൾക്ക് ഉപകാരപ്രദമാകേണ്ട സ്റ്റേഡിയമാണിത്. സ്റ്റേഡിയം നവീകരിക്കുന്നതിന് ഒരു നടപടിയും ഉണ്ടാകുന്നില്ല. സ്റ്റേഡിയം പൂർണമായും കാട് കയറിയ നിലയിലാണ്. സ്റ്റേഡിയത്തിന് ചുറ്റം ഉണ്ടായിരുന്ന വേലികൾ പൂർണമായി തകർന്നു. വേലിയുടെ തൂണുകൾ മാത്രമാണ് ബാക്കിയുള്ളത്. തൂണുകളും തുരുമ്പെടുത്തു. കൃത്യമായി പരിപാലിക്കാതെവന്നതോടെ സ്റ്റേഡിയിത്തിലെ സിന്തറ്റിക്ക് പ്രതലം പൂർണമായി നശിച്ചു. സ്റ്റേഡിയത്തിനകത്തെ ബാസ്കറ്റ് ബോൾ പോളും തുരുമ്പെടുത്തു. രാത്രിയിൽ മത്സരങ്ങളും പരിശീലനവും നടത്തുന്നതിനായി സ്റ്റേഡിയത്തിന് ചുറ്റം ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇതും നശിക്കുകയാണ്.
കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സംസ്ഥാന കായിക വകുപ്പാണ് സ്റ്റേഡിയം നിർമിച്ചത്. 2015-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്റ്റേഡിയം ഉദ്ഘാടനംചെയ്തത്. പിന്നീട് സ്റ്റേഡിയം വേണ്ടരീതിയിൽ ഉപയോഗിക്കുകയോ പരിപാലിക്കുകയോ ചെയ്തില്ല. അതോടെ സ്റ്റേഡിയം നശിക്കുകയായിരുന്നു. ഫണ്ട് ഇല്ലാത്തത് കൊണ്ടാണ് സ്റ്റേഡിയം നവീകരിക്കാത്തതെന്ന് പഞ്ചായത്ത് അംഗം ജോണി പാമ്പാടി പറഞ്ഞു. മൾട്ടി പർപ്പസ് സിന്തറ്റിക്ക് സ്റ്റേഡിയം വേണ്ടരീതിയിൽ നവീകരിച്ചാൽ കുട്ടികൾക്കും കായികതാരങ്ങൾക്കും പരിശീലനംനടത്താനും മത്സരങ്ങൾ സംഘടിപ്പിക്കാനും സാധിക്കും. എന്നാൽ കായിക വകുപ്പ് പോലും സ്റ്റേഡിയത്തെ മറന്നനിലയിലാണ്.
The synthetic stadium at Manjalampuram